ഓർമ്മ

കുഞ്ചു അമ്മേടെ കൂടെ ഇല്ലത്താണ്, അവന് വെക്കേഷൻ ആണല്ലോ. എന്നും ഫോൺ ചെയ്യും, വിശേഷങ്ങൾ പറയും. ഇന്ന് പുഴയിൽ പോയതും കുളത്തിൽ മീനിനെ കണ്ടതും തൊട്ടാവാടി ചെടിയെ "100 ടൈംസ് ടച്ച്" ചെയ്തതും ഒക്കെ പറഞ്ഞു.

"അമ്മേ ഇന്നത്തെ കളി എന്തായിരുന്നൂന്ന്  അറിയാമോ? ഈ തൊട്ടാവാടീടെ ഇലയും വേറെ കുറെ ചെടികൾടെ ഇലയും ഒക്കെ പറിച്ച് കനാലിൽ ഇട്ടു. ഇവിടെ ഒരു ചെറിയ ബ്രിഡ്ജ് ഉണ്ട് - അമ്മയ്ക്കോർമയില്ലേ? ബ്രിഡ്ജിന്റെ ഒരു സൈഡിൽ കൂടി കനാലിൽ ഇല ഇട്ടിട്ട്, ഓടി മറ്റേ സൈഡിൽ വന്ന് താഴോട്ടു നോക്കുമ്പോ, ആ ഇലയൊക്കെ ഒഴുകി പോവുന്ന കാണാം. നല്ല രസായിരുന്നു..''

"സൂപ്പർ! കുഞ്ചൂ, എല്ലാ വെക്കേഷനും ഇല്ലത്ത് പോവുമ്പോ അമ്മേം അമ്മാവനും ഒക്കെ ഈ കളി കളിച്ചിട്ടുണ്ട്!"

"ആണോ, അമ്മേ? എനിക്കു തോന്നുന്നു ഈ ചെടിയൊക്കെ എന്നെ കണ്ടപ്പോ  അമ്മേപ്പറ്റി ഓർത്തുകാണും!"

 :) :)

വർഷത്തിൽ ഒന്നോ രണ്ടോ തവണയേ നമ്മൾ തമ്മിൽ കാണാറുണ്ടായിരുന്നുള്ളൂ. എങ്കിലും എന്റെ കുഞ്ഞിനെ കണ്ടപ്പോ എന്നെ ഓർമ്മിച്ച തൊട്ടാവാടി ചെടീ - ഐ ലവ് യൂ!


Comments