Excuses

ഈ വർഷം കുഞ്ചുവിന് സ്കൂളിൽ എഴുത്ത് തുടങ്ങി. അവന്റെ എഴുത്തിന്റെ ഒരു ഗുണം കണ്ടിട്ട് ടീച്ചർ വീട്ടിൽ പ്രാക്ടീസ് ചെയ്യണം എന്ന് പറഞ്ഞു വിട്ടു. അങ്ങനെ ഞാനും കുഞ്ചുവും തമ്മിലുള്ള യുദ്ധകാലം ആരംഭിച്ചു.

ഹോ... എഴുതാതിരിക്കാൻ എന്തൊക്കെ വേലത്തരങ്ങൾ ചെയ്യാമോ അതെല്ലാം അവൻ ചെയ്യും. ഓടിച്ചിട്ട് പിടിച്ച് എങ്ങനെയെങ്കിലും എഴുതാൻ ഇരുത്തിയാൽ അപ്പൊ തുടങ്ങും മുടന്തൻ ന്യായങ്ങൾ. ഓരോ ലെറ്റർ എഴുതിക്കഴിഞ്ഞിട്ടും 'കൈ വേദനിക്കുന്നു', 'വിയർക്കുന്നു', 'മസിൽ പോയി', 'ദാഹിക്കുന്നു', 'തണുക്കുന്നു', 'സൂ സൂ ഒഴിക്കണം' എന്നുവേണ്ട, സകലമാന നമ്പറുകളും അവൻ പുറത്തിറക്കും. ക്ഷമയുടെ നെല്ലിപ്പലക ഞാൻ എണ്ണിത്തീർത്തു ഒരായിരം തവണ.

ഇന്നത്തെ എക്സ്ക്യൂസ് പക്ഷെ ക്ലാസിക്ക് ആയിരുന്നു.

'കുഞ്ചൂ, ബാ .. എഴുതാൻ പോവാം'

'അമ്മേ, എനിക്കൊരു മെഷീനുണ്ട്. ആ മെഷീനാ എന്നെ എഴുതാൻ ഹെൽപ് ചെയ്യുന്നെ. അതു കേടുവന്നു. അതോണ്ട് ഇന്ന് എഴുതാൻ പറ്റൂല.'

ചിരി അടക്കി ഞാൻ, 'ആ മെഷീൻ എടുത്തോണ്ട് വരൂ. അമ്മ റിപ്പയർ ചെയ്തു തരാം.'

'അതെന്റെ കുമ്പയ്കകത്താ .. ആർക്കും എടുക്കാൻ പറ്റൂല.'

'ശെടാ.. അപ്പൊ നമ്മളിനി എന്ത് ചെയ്യും?'

'അത് തന്നെ റിപ്പയർ ആവും. എല്ലാ സാറ്റർഡേയ്സും ആ മെഷിൻ തന്നെ ശരിയായിക്കോളും. ഇനി നെക്സ്റ്റ് സാറ്റർഡേയേ എഴുതാൻ പറ്റുള്ളൂ, അമ്മേ.'

:/ :/ 

ഇവന്റെ മടിയെപ്പറ്റിയോർത്ത് ടെൻഷൻ അടിക്കണോ, ക്രിയേറ്റിവിറ്റിയെപ്പറ്റി ഓർത്ത് സന്തോഷിക്കണോ?

Comments