ഇങ്ങനേം മന്ത്രം ചൊല്ലാം!

വീടിന്റെ അടുത്ത് ഹനുമാന്റെ ഒരു ചെറിയ അമ്പലം ഉണ്ട്. അതിന്റെ മുൻപിൽ കൂടി പോകുമ്പോൾ അവിടെ നിന്ന് ഞാൻ കുഞ്ചൂന് "രക്താസ്യം രക്തനയനം" ചൊല്ലി കൊടുക്കും, അവൻ അത് കേട്ട് കൂടെ ചൊല്ലും.

ഇന്നലെ അത് വഴി പോയപ്പോൾ അവൻ പറഞ്ഞു - അമ്മേ ഞാൻ തന്നെ പറഞ്ഞോളാം. അമ്മ പറഞ്ഞു തരണ്ട.
ഞാൻ അഭിമാനപുളകിതയായി.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൂപ്പുകൈകളോടെ കണ്ണടച്ച് കൊഞ്ചിക്കൊണ്ടുള്ള രക്താസ്യം രക്തനയനം കേൾക്കാൻ പ്രതീക്ഷിച്ചു നിന്ന ഞാൻ,
ജയ്‌ ജയ്‌ ബജ് രംഗ് ബലി
തോട് ദേ ദുശ്മൻ കീ നലി 
എന്നൊരു ഘോരഘോരമായ അലർച്ച കേട്ട് ഞെട്ടി കണ്ണ് തുറന്നു.

ഹരിമുരളീരവം പാട്ടിന്റെ ഹമ്മിംഗ് കേട്ട് ഓടിച്ചെന്നു അത് പാടിയ മോഹൻലാലിനെ കണ്ടു കണ്ണുമിഴിച്ച മഞ്ജു വാര്യർടെ അതേ എക്സ്പ്രഷനോടെ ഞാനവനെ നോക്കി. യാതൊരു കൂസലുമില്ലാതെ അവൻ പറഞ്ഞു - അമ്മേ  ഇത് ഹനുമാന്റെ പാട്ടാ. ഞാൻ ഡാൻസ് ക്ലാസ്സിൽ പഠിച്ചതാ...

ഹനുമാൻ ഏതായാലും ഇങ്ങനെയൊരക്രമം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല!

Comments