ഉപദേശം

എനിക്ക് ചുമ തുടങ്ങീട്ടിപ്പൊ മൂന്നാഴ്ചയായി. വല്ലപ്പോഴുമേ അസുഖം വരൂ, പക്ഷെ വന്നാലവൻ അങ്ങനെ ഇങ്ങനെയൊന്നും പോവില്ല... എനിക്കാണെങ്കിൽ അസുഖം വരുമ്പൊ ഒടുക്കത്തെ സെന്റിയും വരും.

അങ്ങനെ ഞാനിന്ന് കുറച്ച് സിമ്പതി കിട്ടാൻ വേണ്ടി അമ്മേടടുത്ത് ചെന്നിത്തിരി കൊഞ്ചി.. "അമ്മേ എന്താമ്മേ എന്റെ ചൊമ മാറാത്തേമ്മേ .." ഇതു കേട്ടപാടെ അപ്രത്തിരുന്നു കളിക്ക്യായിരുന്ന എന്റെ സൽപുത്രൻ, എന്റെ സർവവിജ്ഞാനകോശം, തെക്കിനിയേടത്തെ പ്രണവ് നമ്പൂരി, ഓടി വന്ന് ഇങ്ങനെ അരുൾചെയ്തു "അമ്മ അമ്പോറ്റിയെ തൊഴാഞ്ഞിട്ടാ അമ്മേടെ ഉവ്വാവു മാറാത്തെ. അമ്പോറ്റിയോട് എന്നും പറയണം അമ്പോറ്റീ ചൊമ മാറ്റണേ ചൊമ മാറ്റണേ ന്ന്. എന്നാലേ ചൊമ മാറുള്ളൂ."

സഹതാപം വാങ്ങാൻ പോയ ഞാൻ ശശിയായി. എന്നാലും വിട്ടുകൊടുത്തില്ല, "കുഞ്ചു പറഞ്ഞോ അമ്പോറ്റിയോട് അമ്മേടെ ചൊമ മാറ്റണേന്ന് ?"

"അമ്മേടെ ഉവ്വാവു മാറണെങ്കി അമ്മ തന്നെ പറയണം. എനിക്ക് ഉവ്വാവു വരുമ്പൊ ഞാൻ പറയും."

ആയിക്കോട്ടെ ... അടിയൻ ...

Comments